ഓര്‍മപ്പുസ്തകം

Wednesday, May 21, 2008

ഇലന്തിവടയുടെ തിരുശേഷിപ്പുകള്‍

കുറച്ചു ദിവസമായി ബ്ലോഗ്ഗില്‍ ഒന്നും എഴുതാന്‍ കഴിഞ്ഞില്ല. എന്‍റെ കാര്‍ ഉണ്ടാക്കിയ ഒരു ആക്സിടെന്റിന്‍റെ പുറകെ ആയിരുന്നു. മുന്നില്‍ ചാടിയ ഹതഭാഗ്യന്‍ ഇപ്പോളും ഐ.സി.യുവിലാണ്. അതങ്ങനെ പോകുന്നു.

കഴിഞ്ഞ ദിവസം ഞാന്‍ എന്‍റെ ഒരു പഴയ ടീച്ചറെ ഫോണില്‍ വിളിച്ചിരുന്നു. ഞാന്‍ പഠിച്ച എല്‍ പി സ്കൂളിലെ എന്‍റെ ഏറ്റവും പ്രിയപ്പെട്ട ചന്ദ്രിക ടീച്ചര്‍. അന്ന് ഞാന്‍ മഹാ തരികിട ആയിരുന്നു കേട്ടോ. ഇന്നും വല്യ വ്യത്യാസമൊന്നുമില്ല :-) ഇന്‍റര്‍വെല്‍ സമയത്തു പുറത്തിറങ്ങരുതെന്നായിരുന്നു സ്കൂളിലെ (അലിഖിത?) നിയമം. പക്ഷെ എനിക്ക് പുറത്തിറങ്ങാതിരിക്കാന്‍ പറ്റില്ലലോ.... സ്കൂള്‍ മതിലിനോട് ചേര്‍ന്നുള്ള ചെറിയ പെട്ടിക്കടയില്‍ നിന്നു എലാന്തി വട വാങ്ങി കഴിക്കുക എന്‍റെ ഒരു അത്യാവശൃമായിരുന്നു ഒരിടക്ക്. അങ്ങിനെ പതിവു പോലെ അന്നും ഞാന്‍ പുറത്തു ചാടി. കയ്യ് നിറയെ ഇലന്തി വട മാലയുമായി ഞാന്‍ സ്കൂളിന്‍റെ പുറകിലെ ഗേറ്റ് കടന്നു വന്നു ചാടിയത്‌ ഈ ചന്ദ്രിക ടീച്ചറിന്‍റെയും ഹെഡ് മിസ്ട്രെസ് ചന്ദ്രിക മാഡത്തിന്‍റെയും മുന്‍പിലേക്കായിരുന്നു... തിരിഞ്ഞോടാന്‍ കാലുകള്‍ നിലത്തുറച്ചില്ല. ഓടിയിട്ടും കാര്യമില്ലലോ...ഇനിയും ഇവിടേക്ക്‌ തന്നെ വരണ്ടേ. ഹൊ! ഐസ് ആവുക എന്ന് വച്ചാല്‍ അതാണ് സുഹൃത്തുക്കളെ... അതാണ്. കണക്കിന് കിട്ടി വഴക്ക്..കൂടാതെ അടുത്ത ദിവസം പാരെന്റ്സിനെ കൂട്ടി വരാനുള്ള ഓര്‍ഡറും. എനിക്ക് തോന്നുന്നു അന്നായിരുന്നു ആദ്യമായി എന്‍റെ അമ്മ ഒരു പ്രശ്നത്തില്‍ വഴക്കു കേള്‍ക്കാന്‍ സ്കൂളിലേക്ക്‌ വരുന്നതു. പിന്നീടു കോളേജിലും മറ്റുമായി പാവം എന്‍റെ അമ്മ എനിക്ക് ഒരുപാടു ജാമ്യം നിന്നിട്ടുണ്ട്... ആ കഥകള്‍ പുറകെ പറയാം. ടീച്ചര്‍ ഓര്‍ക്കുന്നുണ്ടോ എന്തോ എന്നെ ശരിക്കും...ഏതായാലും ടീച്ചര്‍ക്ക്‌ ആളെ ഏകദേശം പിടി കിട്ടിയിട്ടുണ്ട്. ഇനി പാലക്കാട് പോകുമ്പോള്‍ വീട്ടില്‍ പോയി ടീച്ചറെ ഒന്നു കാണണം.
posted by Traveller at 1:47 PM 0 comments

Thursday, May 15, 2008

മഴനൃത്തം

മഴ നൃത്തം ചെയ്യുന്നത് നിങ്ങള്‍ കണ്ടിട്ടുണ്ടോ? അവധി ദിവസങ്ങളില്‍ മഴയുടെ നൃത്തം ഞാന്‍ മണിക്കൂറുകളോളം നോക്കിയിരുന്നിട്ടുണ്ട്. മാരുതന്‍റെ താളത്തിനൊത്ത് വശ്യ മോഹിനിയായി അവള്‍ നൃത്തം ചെയ്യുമ്പോള്‍ ഏതു കഠിന ഹൃദയനും മനസു നിറയും. എന്‍റെ വീടിന്‍റെ വരാന്തയിലിരുന്നു നോക്കിയാല്‍ കുറെ ദൂരം നെല്‍പ്പാടങ്ങളും തുറസായ സ്ഥലങ്ങളും കാണം. അവിടെയാണ് മഴ തന്‍റെ നൃത്തം നടത്തുക. കാറ്റിന്‍റെ താളത്തിനൊത്ത് രാഗമാലകള്‍ തീര്‍ക്കുന്ന തരുലതാദികളുടെ അകമ്പടിയോടെ അവള്‍ നിങ്ങളെ നൃത്തത്തിനായി കൂട്ട് വിളിക്കും. ഇടത്തോട്ടും വലത്തോട്ടും മുന്നോട്ടും പിന്നോട്ടും ആദിയും ഉലഞ്ഞും അവള്‍ ലാസ്യ നൃത്തം തുടരുമ്പോള്‍ ഞാന്‍ മരങ്ങളുടെ മുകളിലോട്ടോ താഴെ ഭൂമിയിലോട്ടോ നോക്കുകയില്ല. മനുഷ്യ ജീവിതത്തിന്‍റെ വൈപരീത്യങ്ങളെ പ്രതിനിധീകരിക്കും പോലെ നനഞൊട്ടി ഒരല്‍പ്പം ചൂടു തേടുന്ന പക്ഷികളായിരിക്കും മരങ്ങള്‍ക്ക്‌ മുകളില്‍. താഴെ നനയാതിരിക്കാന്‍ മറവു തേടുന്ന കോഴിയും കുഞ്ഞുങ്ങളും. മഴയുടെ സൌന്ദര്യം തണുത്തു വിറയ്ക്കുന്ന ഇവര്‍ക്ക് ആസ്വദിക്കാനാവില്ലല്ലോ.
posted by Traveller at 10:05 AM 0 comments

മഴ തന്നെ മഴ

പാലക്കാട് നിന്നു കഞ്ചിക്കോട്ടേക്ക് താമസം മാറി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ മഴ തുടങ്ങി. മഴയെന്നു വച്ചാല്‍ പെരുമഴ. തുള്ളിക്കൊരു കുടം എന്ന് പറഞ്ഞാല്‍ അതിശയോക്തി ആവില്ല. കുറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അത് പോലുള്ള മഴ ആ പ്രദേശത്ത് പെയ്യുന്നത്. കാലത്തു തുടങ്ങിയാല്‍ ഇടതടവില്ലാതെ ദിവസം മുഴുവനും മഴ തന്നെ മഴ.കിഴക്കന്‍ കാറ്റിന്‍റെ ശക്തി കുടയെ തലകീഴായി മറിക്കാന്‍ തുടങ്ങിയപ്പോള്‍ മഴ നനയുകയെന്നത് ഞങ്ങളുടെ സ്ഥിരം പ്രശ്നമായി മാറി. ഞാനത് ആസ്വദിച്ചിരുന്നുവെന്നാലും അമ്മക്ക് അതൊരു പ്രശ്നമായിരുന്നു. മഴ നനഞ്ഞു ബസ്റ്റോപ്പിലെത്തി ബസ്സ് കയറി ഓഫീസിലെത്തുംപോഴേക്കും ആകെ മടുത്തു പോകും അമ്മ. ഇതിനൊരു പോംവഴി ആയിട്ടാണ് ഞങ്ങള്‍ രണ്ടു പേരും റൈന്‍ കോട്ടിലേക്ക് കൂട് മാറിയത്. ഞാനും അമ്മയും ഓരോ റൈന്‍ കോട്ട് വാങ്ങി. കഴുത്ത് മുതല്‍ ഉപ്പൂറ്റി വരെ നീണ്ടു കിടക്കുന്ന ഒരു ഒറ്റക്കുപ്പായം പോലുള്ള റൈന്‍ കോട്ട്. അതും ധരിച്ചു ഞാനും അമ്മയും ബസ്റ്റോപ്പിലേക്കുള്ള മൂന്നര കിലോമീറ്റര്‍ നടന്നു പോകുന്ന കാഴ്ച അന്നാട്ടുകാര്‍ ഒരു തരം വിസ്മയത്തോടെ നോക്കി നില്‍ക്കാറുണ്ട്. ദാസനും വിജയനും വിദേശത്തു പോയ സീന്‍ അവര്‍ക്ക് ഓര്‍മ വന്നു കാണണം.
posted by Traveller at 9:41 AM 0 comments

Tuesday, May 13, 2008

യാത്രകളെക്കുറിച്ചുള്ള എന്‍റെ ഓര്‍മകളില്‍ പ്രഥമസ്ഥാനം അമ്മയുമൊത്തുള്ളവയുടെതാണ്. എന്‍റെയും ചേച്ചിയുടെയും വിദ്ധ്യാഭ്യാസത്തിനും മറ്റുമുള്ള സൗകര്യം പരിഗണിച്ചു ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കും വരെ ഞങ്ങള്‍ പാലക്കാട് ടൌണില്‍ ആണ് താമസിച്ചിരുന്നത്. ഒന്നാം വര്ഷത്തിന്‍ അവസാനത്തോടെ ഞങ്ങള്‍ കഞ്ചിക്കോടുള്ള ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

കഞ്ചിക്കോടുള്ള ഞങ്ങളുടെ വീട് ശരിക്കും ഒരു ഫാം ഹൗസ്‌ എന്ന വിശേഷണത്തിന് അര്‍ഹമാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകളും അവയ്ക്ക് നടുവില്‍ ഒരു തെങ്ങിന്‍തോപ്പും അതിന് നടുവിലായി ഒരു വലിയ പഴയ വീടും. നയനമനോഹരമാണ് ഞങ്ങളുടെ നാട്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു പ്രദേശം. സഹ്യസ്സാനു അതിരിടുന്ന പച്ചനിറമുള്ള ഒരു പരവതാനി പോലെ തോന്നും അത്. ഇടയ്ക്കിടെയുള്ള പാറക്കെട്ടുകളും കുളങ്ങളും പിന്നെ ഒരുപാടു കൃഷിയിടങ്ങളും.... ഇതാണ് എന്‍റെ നാട്. വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം പലരും കണ്ടിട്ടുള്ള വിവിധ തരത്തിലുള്ള കള്ളിച്ചെടികള്‍ ആ പാറക്കെട്ടുകളില്‍ സുലഭമായി കാണാം. ഇടക്കിടെ കുറെ ഇലന്തി മരങ്ങളും മറ്റു കാട്ടു പഴച്ചെടികളും. പിന്നെ മഴക്കാലമായാല്‍ മാത്രം നിറഞ്ഞൊഴുകുന്ന മലവെള്ള വാഹിനികളായ തോടുകളും.ഇതെല്ലാം വായിച്ചു ഹാ എത്ര മനോഹരം, ഇവിടേക്ക്‌ താമസം മാറ്റിയാലോ എന്ന് ആലോചിക്കാന്‍ വരട്ടെ... ഇവിടെ എത്തിച്ചേരാനുള്ള പ്രയത്നം അതികഠിനമാണ്.

ലോകമെല്ലാം റോഡുകളെ കൊണ്ട് നിറഞ്ഞപ്പോളും ഞങ്ങളുടെ നാട്ടില്‍ ഇപ്പോളും ടാര്‍ റോഡില്ല. ഏകദേശം ഒരു നാല് കൊല്ലം മുമ്പ്‌ വരെ വീതികൂടിയ ഒരു നടവഴിയായിരുന്നു ഞങ്ങളുടെ പ്രധാന പാത.ഇപ്പോളത് മെറ്റല്‍ ചെയ്തു നിരപ്പാക്കിയിട്ടുണ്ട്. കാലവണ്ടിയായിരുന്നു ഞങ്ങളുടെ നാടിന്‍റെ ഔദ്യോകിക വാഹനം. വല്ലപ്പോഴും ഒച്ചയുണ്ടാക്കി കടന്നു പോകുന്ന ട്രക്ടറുകള്‍, ചുരുക്കം ഇരു ചക്രവാഹനങ്ങള്‍, പിന്നെ ആണ്ടിലൊരിക്കല്‍ വഴിതെറ്റിയ പോലെ വരുന്ന ചില ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകളും. ഇതു ഞങ്ങളുടെ നാടിന്‍റെ ഗതാഗതം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിട്ടെന്താ കാര്യം...ഇന്നും ഇതിന് വലിയ വ്യത്യാസമൊന്നുമില്ല.

ഞങ്ങള്‍ക്കും ഒരു കാളവണ്ടി ഉണ്ടായിരുന്നു. രണ്ട്‌ കാളകളെ പൂട്ടുന്ന ഒരു സവാരി വണ്ടി. പപ്പ നയിക്കുന്ന ആ രഥത്തിലേറി ബാല്യത്തില്‍ ചെയ്ത യാത്രകള്‍ ഇപ്പോഴും മനസില്‍ ഇന്നലത്തേതു പോലെ പച്ച പിടിച്ചു കിടക്കുന്നു. ആ നാട്ടിലെ സാധാരണ കാളവണ്ടികള്‍ക്കിടയില്‍ കുഷ്യന്‍ പിടിപ്പിച്ചു പെയിന്‍്റ് അടിച്ച ഞങ്ങളുടെ കാളവണ്ടിക്ക് ഒരു ബെന്‍സ്‌ കാറിന്‍റെ പൊലിമയായിരുന്നു. ഞങ്ങള്‍ സ്ഥിരതാമസം ഇങ്ങോട് മാറ്റിയപ്പോഴേക്കും ആ കാളവണ്ടി മുറ്റത്തിന്‍റെ ഒരു കോണിലെ അനാഥപ്രേതമായി മാറിയിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പേ "ചിതല് പിടിപ്പിച്ചു കളയുന്നതെന്തിനു?" എന്ന ന്യായത്തില്‍ ആ കാളവണ്ടി പപ്പ ആര്‍ക്കോ വിറ്റു. വല്ലാത്ത ഒരു വിങ്ങലായിരുന്നു ഉള്ളില്‍ ആ വാര്‍ത്ത കേട്ടപ്പോള്‍... കാലം മാറിപ്പോയിരിക്കുന്നു... ഒരുപാടൊരുപാട്... പക്ഷെ ആ ചെറിയ സന്തോഷത്തിന്‍റെ ഓര്‍മകള്‍ക്ക് ഞാനുണ്ടാക്കി എന്ന് പറയുന്ന ഏതൊരു നേട്ടത്തേക്കാളും തിളക്കമുണ്ട്...ഇന്നും എന്‍റെ മനസില്‍.

ഈ നാട്ടില്‍ നിന്നാണ് ഞാനും അമ്മയും ദിവസവും ഞങ്ങളുടെ യാത്രയാരംഭിക്കുക.

(ഉറക്കം വരുന്നു.... ബാക്കി പിന്നീടെഴുതാം...)
posted by Traveller at 10:57 AM 0 comments

Monday, May 12, 2008

ഇന്നലെ എഴുതിയ പോസ്റ്റ് എനിക്ക് ആദ്യത്തെ കമന്‍്ടും ബ്ലോഗ് സന്ദര്‍ശകയേയും നേടിത്തന്നു... രാജേശ്വരി ചേച്ചി... ഒരുപാടു സന്തോഷം തോന്നി. ചേച്ചിയുടെ നിര്‍ദേശം പോലെ ഇനി എഴുത്ത് മലയാളം ലിപിയില്‍ ആക്കുകയാണ്. ഇന്നലത്തെ പോസ്റ്റ് മലയാളം ലിപിയിലും ചേര്‍ത്തിട്ടുണ്ട്.
posted by Traveller at 9:07 AM 0 comments

എന്‍റെ ഓര്‍മപ്പുസ്തകം യാത്രകളുടേതാണ്... ജീവിതം തന്നെ ഒരു യാത്രയാണെന്ന് പലരും പറയാറുണ്ട് , പക്ഷെ അതുവരെ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളും, അറിഞ്ഞിട്ടില്ലാത്ത അനുഭവങ്ങളും സ്വന്തമാക്കി, പ്രശാന്തസുന്ദരമായ നാട്ടിന്‍പുറങ്ങളിലൂടെയും, തിരക്കൊഴിയാത്ത നഗരങ്ങളിലൂടെയും യാത്ര ചെയ്യുന്നവനേ യഥാര്‍ത്ഥത്തില് ജീവിക്കുന്നുള്ളു എന്നാണെനിക്കു തോന്നിയിട്ടുള്ളത്.
യാത്രകളോടുള്ള പ്രണയം എന്നാണ് തുടങ്ങിയത് എന്നറിയില്ല... ഗ്രാമന്തരീക്ഷത്തിലുള്ള എന്‍റെ വീട്ടില്‍ നിന്നും നഗരത്തിലെ കോളേജിലേക്കുള്ള യാത്ര ആയിരുന്നിരിക്കണം ഞാന്‍ ആദ്യമായി ആസ്വദിച്ചു നടത്തിയ യാത്ര... എത്തുവാനുള്ള ലക്ഷൃത്തില്‍ ലഭിക്കുവാനുള്ള അനുഭവങ്ങളെ കുറിച്ചുള്ള പ്രതീക്ഷകള്‍ യാത്രയെ അനിര്‍വചനീയമായ അനുഭൂതിയാക്കി മാറ്റുമെന്നുള്ളത്തിനു അത് ഒരു നേര്‍സാക്ഷൃം.
പിന്നീട് മഹാനഗരത്തിലേക്ക്... ഇവിടെ വച്ചാണ് ഞാന്‍ യാത്രകളുടെ മനോഹാരിത തിരിച്ചറിയുന്നത്‌. യാത്രയില്‍ കൂടെ കൂടാന്‍ സമതാല്പര്യങ്ങളുള്ള കുറച്ചു കൂട്ടുകാര്‍ ഇവിടെ ഉണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞാന്‍ ഇന്നും യാത്ര തുടരുന്നു.
posted by Traveller at 8:59 AM 0 comments

Sunday, May 11, 2008

Oru SK Pottekaado matto aavaanulla sramamalla ee blog... njaan arinja, anubhavicha kaaryangal veruthe kurichidaan vendi maathram... oru pakshe kure naalukalkku sesham enikku thanne vaayikkaanaayi :-)
posted by Traveller at 10:17 AM 0 comments

Yaathra

Ente ormappusthakam yaathrakaludethaanu.... Jeevitham thanne oru yaathrayanennu palarum parayarundu, pakshe kandittillatha sthalangalum, arinjittillaatha anubhavangalum swanthamaakki, prasaantha sundaramaaya naattinpurangaliloodeyum, thirakkozhiyaatha nagarangaliloodeyum yaathra cheyyunnavane yaddharthathil jeevikkunnullu ennanenikku thonniyittullathu.
Yaathrakalodulla pranayam ennanu thudangiyathu ennariyilla... graamandhareekshathilulla ente veettil ninnum nagarathile collegilekkulla yaathra aayirunnirikkanam njaan aadyamaayi aaswdhichu nadathiya yaathra... Ethuvaanulla lakshyathil labhikkunna anubhavangale kurichulla pratheekshakal yaathraye anirvachaneeyamaaya anubhoothiyaakki maattumennullathinu athu oru nersaakshyam.
Pinneedu mahaanagarathilekku.... Ivide vachaanu njaan yaathrakalude manohaaritha thirichariyunnathu. Yaathrayil koode koodaan samathaalparyangalulla kurachu koottukaar ivide undaayirunnu. avarkkoppam njaan innum yaathra thudarunnu.
posted by Traveller at 9:56 AM 2 comments