ഓര്‍മപ്പുസ്തകം

Tuesday, May 13, 2008

യാത്രകളെക്കുറിച്ചുള്ള എന്‍റെ ഓര്‍മകളില്‍ പ്രഥമസ്ഥാനം അമ്മയുമൊത്തുള്ളവയുടെതാണ്. എന്‍റെയും ചേച്ചിയുടെയും വിദ്ധ്യാഭ്യാസത്തിനും മറ്റുമുള്ള സൗകര്യം പരിഗണിച്ചു ഞാന്‍ പ്രീഡിഗ്രി ഒന്നാം വര്‍ഷം പൂര്‍ത്തിയാക്കും വരെ ഞങ്ങള്‍ പാലക്കാട് ടൌണില്‍ ആണ് താമസിച്ചിരുന്നത്. ഒന്നാം വര്ഷത്തിന്‍ അവസാനത്തോടെ ഞങ്ങള്‍ കഞ്ചിക്കോടുള്ള ഞങ്ങളുടെ സ്വന്തം വീട്ടിലേക്ക് താമസം മാറ്റി.

കഞ്ചിക്കോടുള്ള ഞങ്ങളുടെ വീട് ശരിക്കും ഒരു ഫാം ഹൗസ്‌ എന്ന വിശേഷണത്തിന് അര്‍ഹമാണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെല്‍വയലുകളും അവയ്ക്ക് നടുവില്‍ ഒരു തെങ്ങിന്‍തോപ്പും അതിന് നടുവിലായി ഒരു വലിയ പഴയ വീടും. നയനമനോഹരമാണ് ഞങ്ങളുടെ നാട്. നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നൊഴിഞ്ഞു തികച്ചും ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു പ്രദേശം. സഹ്യസ്സാനു അതിരിടുന്ന പച്ചനിറമുള്ള ഒരു പരവതാനി പോലെ തോന്നും അത്. ഇടയ്ക്കിടെയുള്ള പാറക്കെട്ടുകളും കുളങ്ങളും പിന്നെ ഒരുപാടു കൃഷിയിടങ്ങളും.... ഇതാണ് എന്‍റെ നാട്. വലിയ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മാത്രം പലരും കണ്ടിട്ടുള്ള വിവിധ തരത്തിലുള്ള കള്ളിച്ചെടികള്‍ ആ പാറക്കെട്ടുകളില്‍ സുലഭമായി കാണാം. ഇടക്കിടെ കുറെ ഇലന്തി മരങ്ങളും മറ്റു കാട്ടു പഴച്ചെടികളും. പിന്നെ മഴക്കാലമായാല്‍ മാത്രം നിറഞ്ഞൊഴുകുന്ന മലവെള്ള വാഹിനികളായ തോടുകളും.ഇതെല്ലാം വായിച്ചു ഹാ എത്ര മനോഹരം, ഇവിടേക്ക്‌ താമസം മാറ്റിയാലോ എന്ന് ആലോചിക്കാന്‍ വരട്ടെ... ഇവിടെ എത്തിച്ചേരാനുള്ള പ്രയത്നം അതികഠിനമാണ്.

ലോകമെല്ലാം റോഡുകളെ കൊണ്ട് നിറഞ്ഞപ്പോളും ഞങ്ങളുടെ നാട്ടില്‍ ഇപ്പോളും ടാര്‍ റോഡില്ല. ഏകദേശം ഒരു നാല് കൊല്ലം മുമ്പ്‌ വരെ വീതികൂടിയ ഒരു നടവഴിയായിരുന്നു ഞങ്ങളുടെ പ്രധാന പാത.ഇപ്പോളത് മെറ്റല്‍ ചെയ്തു നിരപ്പാക്കിയിട്ടുണ്ട്. കാലവണ്ടിയായിരുന്നു ഞങ്ങളുടെ നാടിന്‍റെ ഔദ്യോകിക വാഹനം. വല്ലപ്പോഴും ഒച്ചയുണ്ടാക്കി കടന്നു പോകുന്ന ട്രക്ടറുകള്‍, ചുരുക്കം ഇരു ചക്രവാഹനങ്ങള്‍, പിന്നെ ആണ്ടിലൊരിക്കല്‍ വഴിതെറ്റിയ പോലെ വരുന്ന ചില ഫോര്‍ വീല്‍ ഡ്രൈവ് ജീപ്പുകളും. ഇതു ഞങ്ങളുടെ നാടിന്‍റെ ഗതാഗതം. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലായിട്ടെന്താ കാര്യം...ഇന്നും ഇതിന് വലിയ വ്യത്യാസമൊന്നുമില്ല.

ഞങ്ങള്‍ക്കും ഒരു കാളവണ്ടി ഉണ്ടായിരുന്നു. രണ്ട്‌ കാളകളെ പൂട്ടുന്ന ഒരു സവാരി വണ്ടി. പപ്പ നയിക്കുന്ന ആ രഥത്തിലേറി ബാല്യത്തില്‍ ചെയ്ത യാത്രകള്‍ ഇപ്പോഴും മനസില്‍ ഇന്നലത്തേതു പോലെ പച്ച പിടിച്ചു കിടക്കുന്നു. ആ നാട്ടിലെ സാധാരണ കാളവണ്ടികള്‍ക്കിടയില്‍ കുഷ്യന്‍ പിടിപ്പിച്ചു പെയിന്‍്റ് അടിച്ച ഞങ്ങളുടെ കാളവണ്ടിക്ക് ഒരു ബെന്‍സ്‌ കാറിന്‍റെ പൊലിമയായിരുന്നു. ഞങ്ങള്‍ സ്ഥിരതാമസം ഇങ്ങോട് മാറ്റിയപ്പോഴേക്കും ആ കാളവണ്ടി മുറ്റത്തിന്‍റെ ഒരു കോണിലെ അനാഥപ്രേതമായി മാറിയിരുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പേ "ചിതല് പിടിപ്പിച്ചു കളയുന്നതെന്തിനു?" എന്ന ന്യായത്തില്‍ ആ കാളവണ്ടി പപ്പ ആര്‍ക്കോ വിറ്റു. വല്ലാത്ത ഒരു വിങ്ങലായിരുന്നു ഉള്ളില്‍ ആ വാര്‍ത്ത കേട്ടപ്പോള്‍... കാലം മാറിപ്പോയിരിക്കുന്നു... ഒരുപാടൊരുപാട്... പക്ഷെ ആ ചെറിയ സന്തോഷത്തിന്‍റെ ഓര്‍മകള്‍ക്ക് ഞാനുണ്ടാക്കി എന്ന് പറയുന്ന ഏതൊരു നേട്ടത്തേക്കാളും തിളക്കമുണ്ട്...ഇന്നും എന്‍റെ മനസില്‍.

ഈ നാട്ടില്‍ നിന്നാണ് ഞാനും അമ്മയും ദിവസവും ഞങ്ങളുടെ യാത്രയാരംഭിക്കുക.

(ഉറക്കം വരുന്നു.... ബാക്കി പിന്നീടെഴുതാം...)
posted by Traveller at 10:57 AM

0 Comments:

Post a Comment

<< Home