ഓര്‍മപ്പുസ്തകം
Saturday, June 28, 2008
" യെ ദില് മാംഗേ മോര്‍"
വിക്ടോറിയ കോളേജ് ഗേറ്റിനു മുന്നില് നില്ക്കുന്ന സ്ഥാന - ആര്‍ത്തികളുടെ നീണ്ട നിര.
കഥ ആരംഭിക്കുകയായി....
സ്ഥാനാര്ത്ഥികള്‍ ഓരോരുത്തരായി (ക്ഷമിക്കണം... നിങ്ങളുടെ അനുഭവം വ്യത്യസ്തമാണല്ലോ...) വോട്ടു ചോദിക്കുന്നു. ഇന്ത്യ മഹാരാജ്യത്ത് സോപ്പ് കമ്പനികള് രക്ഷപ്പെട്ടു പോകുന്നതില് കോളേജ് ഇലക്ഷനുകള്‍ക്ക് ഒരു വലിയ പന്ക് ഉണ്ടെന്നു ഞാന്‍ സത്യത്തില്‍ മനസിലാക്കി. എല്ലാം എണ്ണമയം, മൃദുലം... ഹായ്... സ്വര്‍ഗസുന്ദരം!
"ഞാന്‍ ദീപ്തി മേനോന് നാഗൂര്"
"ങ്ഹാ.. ചേച്ചിക്കല്ലാതെ പിന്നാര്‍ക്കാ... "
"ഞാന്‍... അറിയാമല്ലോ...?" പണ്ടാരോ പ്രസംഗിക്കാന്‍ മനഃപ്പാഠമാക്കിയത് മറന്നപ്പോള്‍ "നിങ്ങള്‍ക്കറിയാമല്ലോ" ഉപയോഗിച്ചു തടി തപ്പിയത് പോലെ... തിരക്കിനിടയില്‍ മൂപ്പര് സ്വന്തം പേരും മറന്നോ എന്തോ?
സ്ഥാനാര്ത്ഥികള്‍ ഞാനാകുന്ന അഭിമന്യുവിനു ചുറ്റും തീര്‍ത്ത പദ്മവ്യൂഹം തട്ടിത്തകര്‍ത്തു( സത്യത്തില്‍ ചവിട്ടിതകര്‍ത്തു) പുറത്തു കടന്നതേയുള്ളൂ, ദേണ്ടെ മാനത്ത് നിന്നു പൊട്ടിവീണ പോലെ " ഐ അം കീര്‍ത്തി ഓഫ് .......... " സത്യത്തില് ഒരു നല്ല കീറ് വച്ചു കൊടുക്കാന്‍ തോന്നി. "എന്റീശോയെ... ഇവരുടെയൊക്കെ തലെമ്മേ ഇടിത്തീ വീഴനെ...." എന്ന് ശപിക്കാന് നാവെടുത്തതാ, പിന്നെ വേണ്ടാ എന്ന് വച്ചു - ഇവരൊക്കെ ഇല്ലേല് ക്ലാസ്സ് കാമ്പൈനിംഗിന്‍റെ പേരും പറഞ്ഞു നേരത്തെ കഴിയില്ലലോ! ഒരു വിധത്തില് അവിടുന്നും ഊരി. അപ്പൊ ദേ അടുത്തയാള്....
"സിജി...." എന്റമ്മോ....സത്യത്തില് എനിക്കപ്പോള് തന്നെ കാലപുരിക്ക് ടിക്കറ്റ് കിട്ടണ്ടാതായിരുന്നു.... ഭാഗ്യം... കിട്ടിയില്ല. ഒരുപക്ഷെ ജനപ്പെരുപ്പം (ശവപ്പെരുപ്പം!) കൊണ്ട് അങ്ങോടിപ്പം ഫ്ലൈറ്റ് ഇല്ലായിരിക്കും. തേനും പാലും പഞ്ചസാരയുമൊഴുകുന്ന ആ വിളി ഒരിക്കല്‍ക്കൂടി കേട്ടാല്‍ തീ്ര്‍ന്നു...അതുറപ്പ്...സ്പെഷ്യല് ഫ്ലൈറ്റ് വരും കാലപുരീന്നു... ഹയ്യോ... ഞാന്‍ പിന്നെ... ! തിരിഞ്ഞു നോക്കി.
"ഞാന്‍ രജി...നിനക്കറിയാമല്ലോ... നമുക്കൊരു അഡ്ജസ്റ്മെന്‍റില് പോകാം...ഏതു..."
"നത്തിന്ഗ് ഡൂയിംഗ്"
കരണത്തു തീര്‍ത്തൊരു അടികൊടുത്തു രജിയെ ബജിയാക്കാനാണപ്പോള് തോന്നിയത്. വേണ്ട...അബദ്ധത്തിലിവളെങ്ങാനും ജയിച്ചാല്‍ എന്‍റെ കാര്യം ഗുലുമാലാകും.
ഒരുവിധം അവിടുന്നും മുങ്ങി. അപ്പോഴാണ് മനസ്സില് ഒരു പൂതി തോന്നിയത് - ഒരു സ്ഥാനാര്ത്ഥിയാവണം!
ചെന്നു, കൊടുത്തു... ('കണ്ടു, കീഴടക്കി' എന്ന പോലെ..) പേടിക്കേണ്ട തല്ലും അടിയും ഒന്നുമല്ല.. ഒരു നോമിനേഷന്‍.
ചീപ്പ് പോസ്റ്റിനു വേണ്ടി മത്സരിക്കുക എന്ന് വച്ചാല് പ്രസ്റ്റീജിനു മോശമല്ലേ... എന്തിന് കുറയ്ക്കണം? ഞാനുമൊരു ചെയര്‍മാന് സ്ഥാനാര്‍ഥിയായി..
രണ്ടു.
സെപ്റ്റംബര് ൨൮, ൨൦൦൦: വൈകുന്നേരം ൩ മണി. ഫലപ്രഖ്യാപനം.
ഫലപ്രഖ്യാപകന്: " കോളേജ് ഇലക്ഷനു ചെയര്പെര്സനായി ദീപ്തി മേനോന് നാഗൂര്.... " ശ്ശെടാ...പോയല്ലോ! അത് പറ്റില്ല. റീകൌണ്ടിംഗ് നടത്തണം. "ഇതില്‍ വന്‍ അഴിമതിയും സ്വജനപക്ഷപാതവും..." ഏയ്, ഇതിനിടയില്‍ എന്‍റെ പേരു പറഞ്ഞു കേട്ടോ എന്നൊരു ചിന്ന സന്ദേഹം. അറിയണമല്ലോ... വഴിയുണ്ടാക്കി... അടുത്ത് നിക്കുന്ന കശ്മലനോട് ചോദിക്കുക തന്നെ... " നീ"
എന്റെ കണ്ണ് ഒരുനിമിഷത്തേക്ക് പുറത്തേക്ക് വന്നു. 'ഹായ്, എന്ത് രസം ' "ഇതില് ഒരു അഴിമതിയുമില്ല, പക്ഷപാതവുമില്ല. ഞാന്‍ ജയിച്ചപ്പോള് നീതിയും ന്യായവും ജയിച്ചു, സാര്‍വലൌകിക ഏകത്വം സമത്വം..." പിടിച്ചു നില്ക്കാനായില്ല... ഞാന്‍ വിളിച്ചു കൂവി.... "ദീപ്തി ചേച്ചിയെ തോല്പ്പിച്ചേ...!"
മൂന്നു
"ഫ.. ! വല്ലപ്പോഴും ക്ലാസ്സീല് കയറും, എന്നിട്ടിരുന്നുറങ്ങും...അതും പോരാഞ്ഞിട്ട് വിളിച്ചു കൂവി ബഹളമുണ്ടാക്കുന്നോ... ഇറങ്ങടോ പുറത്തു..."
"സര്‍..."
"ഐ സെ യു ഗെറ്റ് ഔട്ട്"
പ്രിയരേ...ആ സുന്ദര സ്വപ്നം അയവിറക്കി, എന്‍റെ സ്വപ്നം ആസ്വദിക്കാന്‍ കലാബോധമില്ലാതെ പോയ അധ്യാപകനോട് പരിതപിച്ചു ബാഗുമെടുത്ത് ഞാനിറങ്ങി.
നേരെ നടന്നു കൃഷ്ണന് നായര് ഗേറ്റ് എത്തിയപ്പോള്...ദേണ്ടെ...
"ഐ അം ദീപ്തി മേനോന് നാഗൂര്..."
എന്ടമ്മചിയെ... "സുഗ" തിലേക്കു ഓടിക്കയറി അവിടുന്നൊരു കുപ്പി പൊട്ടിച്ചു... പേടിക്കണ്ട... വിസ്കിയും ബ്രാണ്ടീം ഒന്നുമല്ല... വെറും സാധാ...
" യെ ദില് മാംഗേ മോര്‍"
Monday, June 2, 2008
ശിലകള്‍
എന്റെ മാറ്റം കാണാത്ത
പാറക്കഷ്ണങ്ങള്‍.
ഞാനൊരു കള്ളന്
ബാല്യത്തില്‍
നാഴിയരിമോഷ്ട്ടിച്ചത്
വിശപ്പടക്കാന്‍...
ഇന്നത് അവ്യക്തമാം വിദൂരത...
പക്ഷെ ഞാനിന്നും കള്ളന്‍.
കട്ടതിന്നിരട്ടി ഞാന്‍ തിര്യെക്കൊടുത്തു
എന്നിട്ടുമിന്നുമെന്‍റേത്
അരിക്കള്ളന്‍റെ വാക്ക്!
എന്‍റെ ഹൃത്തില്‍ സൂര്യനുദിച്ചിട്ടും
ഇവിടെയാര്‍ക്കും അന്ധകാരമകലുന്നില്ല!
എന്‍റെ തിരിച്ചറിവുകള്‍... നീയറിയാന്‍...
നിന്‍റെ കണ്ണുകള്‍ക്ക് നക്ഷത്രതിളക്കമുണ്ടായിരുന്നില്ല... പക്ഷെ എന്നെ പോലെ നീയും കടുത്തവര്ണങ്ങള്‍ ഇഷ്ടപ്പെടുന്നെന്നു തോന്നി...
അസൈന്മെന്‍റ് എഴുതാത്തവര്‍ ക്ലാസ്സില്‍ രണ്ടു പേര്‍ മാത്രം - നീയും, പിന്നെ ഞാനും. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ നീ കരയുകയായിരുന്നു, ഞാന്‍ ചിരിക്കുകയും! "കരഞ്ഞു സെന്റിയാക്കാനോ ചിരിച്ചു സോപ്പിടാണോ നോക്കണ്ട" എന്നായിരുന്നു ടീച്ചറുടെ കമന്റ്. ഏതായാലും അന്നാണ് നിന്നെ പരിചയപ്പെടണമെന്നു എനിക്ക് ആദ്യമായി തോന്നിയത്. വൈരുധ്യം ആകര്ഷകമാണെന്നു അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.
കാലം എനിക്ക് മുന്നില്‍ വളരെ വേഗമാണ് എരിഞ്ഞടങ്ങിയത്. ആര്‍ക്കും വഴങ്ങാതെയും ആരെയും കൂസാതെയും 'നെഞ്ചു വിരിച്ചു' നടക്കുവാനുള്ള ശ്രമത്തിനിടയില്‍ മറ്റു അനേകര്‍ക്കൊപ്പം നീയും അവഗണിക്കപ്പെട്ടു. വൈകിയെന്കിലും നിനക്കു മുന്നില്‍ ഹൃദയം തുറന്നു വച്ചപ്പോള്‍ സ്നേഹത്തിന്‍റെ വാള്‍മുനയാണ് അവിടേക്കു വേഗത്തില്‍ തുളച്ചു കയറുക എന്നറിഞ്ഞ നീ നിന്നെ അവഗണിച്ചതിനു എന്നോട് പകരം ചോദിക്കുകയായിരുന്നോ?
ജീവിതമെന്നത് സത്യത്തില്‍ ഭൂതകാലവും അതിന്‍റെ അനുഭവങ്ങളുമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ തെളിയുന്നത് മുന്നിലേക്കുള്ള വഴിയാണ്. പക്ഷെ അവിടെ നിന്നെ സന്തോഷിപ്പിക്കുന്ന മൃദുസ്വരമോ നിന്നെയാശ്വസിപ്പിക്കുന്ന കുളിര്ക്കാറ്റോ നിനക്കു തലചായിച്ചു കരയാന്‍ ഒരു തോള്‍ പോലുമോ ആവാന്‍ എനിക്ക് കഴിഞ്ഞില്ല. അത് എന്‍റെ കുറ്റമായിരിക്കാം. ഇതിലും വലിയ ശിക്ഷ ഞാന്‍ അര്ഹിക്കുന്നുമുണ്ട്...പക്ഷെ... നിനക്കെങ്ങനെ എന്നെ വേദനിപ്പിക്കാനാകും?
ആദ്യമായി നമ്മള്‍ സംസാരിച്ചപ്പോള്‍ നീ എന്നെപ്പോലെ തന്നെ ചിന്തിക്കുന്നു എന്നെനിക്കു തോന്നിയത് നിന്നോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടായിരുന്നില്ല. നിന്‍റെ കാലിടറിയപ്പോള്‍ വീണത് ഞാനായിരുന്നു. പക്ഷെ ഞാന്‍ വീണപ്പോള്‍ മുറിവേറ്റത് നിനക്കല്ലേ? നിന്‍റെ മുറിവുകളില്‍ നിന്നൊഴുകിയത് എന്‍റെ രക്തമല്ലേ? അത് നിനക്കു മറക്കാനാവുമോ? ഇല്ലെന്നെനിക്കറിയാം!
ഒടുക്കം, നിന്‍റെ ജീവിതം വഴിതിരിയുന്നതിനു സാക്ഷിയാകുവാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ "ഇനിയെന്നോട് ഒന്നും പറയാനില്ലേ?" എന്ന നിന്‍റെ ചോദ്യം എന്‍റെ ഭീരുത്വത്തിനോടുള്ള നിന്‍റെ പരിഹാസമായിരുന്നുവോ?
നീയൊരിക്കല്‍ പറഞ്ഞതു പോലെ ആയിരിക്കുന്നിടതെല്ലാം സന്തോഷം പരത്തുന്നവനും സ്നേഹിക്കപ്പെടുന്നവനും ആണോ ഞാന്‍ എന്നെനിക്കറിയില്ല... പക്ഷെ ഈ ചെറിയ കാലം കൊണ്ടു അപ്രമേയമായ ആനന്ദം നീയെനിക്കു തന്നു... നഷ്ടമാകുമ്പോള്‍ ഇരട്ടി വേദന തോന്നുമെന്നതിനാല്‍ അതെന്നോടുള്ള നിന്‍റെ പ്രതികാരമായിരുന്നുവോ?
എല്ലാറ്റിനും നിനക്കൊരു ഉത്തരമേയുള്ളൂ...അതെനിക്കറിയാം...പക്ഷെ അതൊരിക്കലും ഒരു ഉത്തരമേയല്ല...
ഇനി, ഹൃദയഭാഷണങ്ങളില്ല... സ്വപ്നസഞ്ചാരങ്ങളില്ല... നേര്‍ക്കാഴ്ച്ചകളുമില്ല... നമുക്കു ബാക്കിയുള്ളത് ഓര്‍മകള്‍ മാത്രം. സ്മൃതിയുടെ അനന്തപുളിനങ്ങളിലാണല്ലോ ഞാനും നീയും നമ്മളാകുന്നത്!
നല്ല ഓര്‍മകളുടെ മാധുര്യവും, നഷ്ടബോധത്തിന്‍റെ കണ്ണീര്‍കൈപ്പും ചേരുംപോളാണ് ലോകത്തിലെ ഏറ്റവും മുന്തിയ കോക്ടൈല്‍ ഉണ്ടാവുക എന്നതാണ് ഇന്നെനിക്കു ലഭിച്ച വെളിപ്പാട്!
ഓര്‍ക്കുകില്ലെന്നു കരുതിയാലും തികട്ടി വരുന്ന ഓര്‍മയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ എന്നെ പൊള്ളിക്കുന്നു. ആ നീറ്റലില്‍ നിന്നുകൊണ്ട് ഇത്രയേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ - നിന്‍റെ സ്വപ്നങ്ങളും ഓര്‍മകളുമാകുന്ന മലര്‍വാടി പുഷ്പങ്ങളാല്‍ നിറയുമ്പോള്‍ അതിലൊരിതളെന്കിലും എനിക്കായ്... എനിക്ക് മാത്രമായ്... നന്മകള്‍ ആശംസിക്കുവാണോ അനുഗ്രഹിക്കുവാനോ എനിക്കര്‍ഹതയില്ല...എന്കിലും.... ഏത് ദ്രുവത്തില്‍ ആയിരുന്നാലും നിനക്കു ജീവിതം അതിന്‍റെ സര്‍വസാഭല്യങ്ങളും നല്‍കട്ടെ - നന്മ ഭവിക്കട്ടെ...നന്മ മാത്രം!
(നീയും ഞാനും എന്‍റെ സങ്കല്പം മാത്രമാണ്)