ഓര്‍മപ്പുസ്തകം

Monday, June 2, 2008

എന്‍റെ തിരിച്ചറിവുകള്‍... നീയറിയാന്‍...

നിശീഥിനിയുടെ നന്മ നുകരേണ്ട നേരത്ത് ഇന്‍റര്‍കോമിലൂടെ എന്നോട് പറയേണ്ടിയവയായിരുന്നോ ആ വാക്കുകള്‍? അന്ന് ഞാന്‍ കൈയ്യിലെന്തുവാന്‍ തയ്യാറാക്കിയ ചഷകം അകലേക്ക്‌ വലിച്ചെറിയപ്പെട്ടു. ഇന്നു ആ വാക്കുകള്‍ എനിക്ക് പുതിയൊരു തിരിച്ചറിവേകി.... ദുഃഖത്താല്‍ കരയാന്‍ കഴിയുമെന്ന്...!

നിന്‍റെ കണ്ണുകള്‍ക്ക്‌ നക്ഷത്രതിളക്കമുണ്ടായിരുന്നില്ല... പക്ഷെ എന്നെ പോലെ നീയും കടുത്തവര്ണങ്ങള്‍ ഇഷ്ടപ്പെടുന്നെന്നു തോന്നി...

അസൈന്മെന്‍റ് എഴുതാത്തവര്‍ ക്ലാസ്സില്‍ രണ്ടു പേര്‍ മാത്രം - നീയും, പിന്നെ ഞാനും. എഴുന്നേറ്റു നില്‍ക്കുമ്പോള്‍ നീ കരയുകയായിരുന്നു, ഞാന്‍ ചിരിക്കുകയും! "കരഞ്ഞു സെന്റിയാക്കാനോ ചിരിച്ചു സോപ്പിടാണോ നോക്കണ്ട" എന്നായിരുന്നു ടീച്ചറുടെ കമന്റ്. ഏതായാലും അന്നാണ് നിന്നെ പരിചയപ്പെടണമെന്നു എനിക്ക് ആദ്യമായി തോന്നിയത്. വൈരുധ്യം ആകര്ഷകമാണെന്നു അന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

കാലം എനിക്ക് മുന്നില്‍ വളരെ വേഗമാണ് എരിഞ്ഞടങ്ങിയത്. ആര്‍ക്കും വഴങ്ങാതെയും ആരെയും കൂസാതെയും 'നെഞ്ചു വിരിച്ചു' നടക്കുവാനുള്ള ശ്രമത്തിനിടയില്‍ മറ്റു അനേകര്‍ക്കൊപ്പം നീയും അവഗണിക്കപ്പെട്ടു. വൈകിയെന്കിലും നിനക്കു മുന്നില്‍ ഹൃദയം തുറന്നു വച്ചപ്പോള്‍ സ്നേഹത്തിന്‍റെ വാള്‍മുനയാണ് അവിടേക്കു വേഗത്തില്‍ തുളച്ചു കയറുക എന്നറിഞ്ഞ നീ നിന്നെ അവഗണിച്ചതിനു എന്നോട് പകരം ചോദിക്കുകയായിരുന്നോ?

ജീവിതമെന്നത്‌ സത്യത്തില്‍ ഭൂതകാലവും അതിന്‍റെ അനുഭവങ്ങളുമാണ്. തിരിഞ്ഞു നോക്കുമ്പോള്‍ തെളിയുന്നത്‌ മുന്നിലേക്കുള്ള വഴിയാണ്. പക്ഷെ അവിടെ നിന്നെ സന്തോഷിപ്പിക്കുന്ന മൃദുസ്വരമോ നിന്നെയാശ്വസിപ്പിക്കുന്ന കുളിര്ക്കാറ്റോ നിനക്കു തലചായിച്ചു കരയാന്‍ ഒരു തോള്‍ പോലുമോ ആവാന്‍ എനിക്ക് കഴിഞ്ഞില്ല. അത് എന്‍റെ കുറ്റമായിരിക്കാം. ഇതിലും വലിയ ശിക്ഷ ഞാന്‍ അര്ഹിക്കുന്നുമുണ്ട്...പക്ഷെ... നിനക്കെങ്ങനെ എന്നെ വേദനിപ്പിക്കാനാകും?

ആദ്യമായി നമ്മള്‍ സംസാരിച്ചപ്പോള്‍ നീ എന്നെപ്പോലെ തന്നെ ചിന്തിക്കുന്നു എന്നെനിക്കു തോന്നിയത് നിന്നോടുള്ള ഇഷ്ടകൂടുതല്‍ കൊണ്ടായിരുന്നില്ല. നിന്‍റെ കാലിടറിയപ്പോള്‍ വീണത് ഞാനായിരുന്നു. പക്ഷെ ഞാന്‍ വീണപ്പോള്‍ മുറിവേറ്റത് നിനക്കല്ലേ? നിന്‍റെ മുറിവുകളില്‍ നിന്നൊഴുകിയത് എന്‍റെ രക്തമല്ലേ? അത് നിനക്കു മറക്കാനാവുമോ? ഇല്ലെന്നെനിക്കറിയാം!

ഒടുക്കം, നിന്‍റെ ജീവിതം വഴിതിരിയുന്നതിനു സാക്ഷിയാകുവാന്‍ എന്നെ ക്ഷണിച്ചപ്പോള്‍ "ഇനിയെന്നോട് ഒന്നും പറയാനില്ലേ?" എന്ന നിന്‍റെ ചോദ്യം എന്‍റെ ഭീരുത്വത്തിനോടുള്ള നിന്‍റെ പരിഹാസമായിരുന്നുവോ?

നീയൊരിക്കല്‍ പറഞ്ഞതു പോലെ ആയിരിക്കുന്നിടതെല്ലാം സന്തോഷം പരത്തുന്നവനും സ്നേഹിക്കപ്പെടുന്നവനും ആണോ ഞാന്‍ എന്നെനിക്കറിയില്ല... പക്ഷെ ഈ ചെറിയ കാലം കൊണ്ടു അപ്രമേയമായ ആനന്ദം നീയെനിക്കു തന്നു... നഷ്ടമാകുമ്പോള്‍ ഇരട്ടി വേദന തോന്നുമെന്നതിനാല്‍ അതെന്നോടുള്ള നിന്‍റെ പ്രതികാരമായിരുന്നുവോ?

എല്ലാറ്റിനും നിനക്കൊരു ഉത്തരമേയുള്ളൂ...അതെനിക്കറിയാം...പക്ഷെ അതൊരിക്കലും ഒരു ഉത്തരമേയല്ല...

ഇനി, ഹൃദയഭാഷണങ്ങളില്ല... സ്വപ്നസഞ്ചാരങ്ങളില്ല... നേര്‍ക്കാഴ്ച്ചകളുമില്ല... നമുക്കു ബാക്കിയുള്ളത് ഓര്‍മകള്‍ മാത്രം. സ്മൃതിയുടെ അനന്തപുളിനങ്ങളിലാണല്ലോ ഞാനും നീയും നമ്മളാകുന്നത്!
നല്ല ഓര്‍മകളുടെ മാധുര്യവും, നഷ്ടബോധത്തിന്‍റെ കണ്ണീര്‍കൈപ്പും ചേരുംപോളാണ് ലോകത്തിലെ ഏറ്റവും മുന്തിയ കോക്ടൈല്‍ ഉണ്ടാവുക എന്നതാണ് ഇന്നെനിക്കു ലഭിച്ച വെളിപ്പാട്!

ഓര്‍ക്കുകില്ലെന്നു കരുതിയാലും തികട്ടി വരുന്ന ഓര്‍മയുടെ അഗ്നിസ്ഫുലിംഗങ്ങള്‍ എന്നെ പൊള്ളിക്കുന്നു. ആ നീറ്റലില്‍ നിന്നുകൊണ്ട്‌ ഇത്രയേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ - നിന്‍റെ സ്വപ്നങ്ങളും ഓര്‍മകളുമാകുന്ന മലര്‍വാടി പുഷ്പങ്ങളാല്‍ നിറയുമ്പോള്‍ അതിലൊരിതളെന്കിലും എനിക്കായ്... എനിക്ക് മാത്രമായ്‌... നന്മകള്‍ ആശംസിക്കുവാണോ അനുഗ്രഹിക്കുവാനോ എനിക്കര്‍ഹതയില്ല...എന്കിലും.... ഏത് ദ്രുവത്തില്‍ ആയിരുന്നാലും നിനക്കു ജീവിതം അതിന്‍റെ സര്‍വസാഭല്യങ്ങളും നല്‍കട്ടെ - നന്മ ഭവിക്കട്ടെ...നന്മ മാത്രം!
(നീയും ഞാനും എന്‍റെ സങ്കല്പം മാത്രമാണ്)
posted by Traveller at 12:50 PM

0 Comments:

Post a Comment

<< Home